Sunday, May 30, 2010

അറ്റ വേരുകള്‍ ..

ഓര്‍മ്മ നശിക്കുക എന്ന അവസ്ഥ എന്തോ എനിക്ക് പണ്ടേ പേടി ആണ്. ഈശ്വരാ ഇതെല്ലം ഓര്‍മ്മ ഇല്ലാതായാല്‍ പിന്നെ എങ്ങനെയാ ജീവിക്കാ എന്നൊക്കെ ഞാന്‍ വെറുതെ ചിന്തിച്ചു പേടിക്കാറുണ്ട്. എന്നാ പിന്നെ വെറുതെ എന്തിനാ ചിന്തിക്കുന്നെ എന്ന് ചോദിച്ചാല്‍ എനിക്കൊട്ടു ഉത്തരമില്ലതാനും. പക്ഷെ തങ്കമണിയുടെ ജീവിതം ഓര്‍മ്മ ഇല്ലാത്തതിനെ സുഖമാനുഭാവിക്കുകയാനെന്നും എനിക്ക് തോന്നാറുണ്ട്. ആ കഥ വളരെ ദയനീയവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. വിധിയുടെ ക്രൂര വിനോദങ്ങള്‍ മാന്തിപ്പരിച്ച ജീവിതവും കുടുംബവും ആണ് തങ്കമണിയുടെ . .

എന്റെ അച്ഛനൊക്കെ ഓര്‍മ്മ വച്ചപ്പോള്‍ ഇവിടെ കാവൂട്ടിയമ്മ എന്നൊരു സ്ത്രീ ആണ് പുറം പണിക്കു നിന്നിരുന്നത്. പുന്നക്കല്‍ എന്നാണു അവരുടെ തറവാട്ടു പേര്. പുന്നക്കല്‍ കാവൂട്ടിയംമയുടെ മകളാണ് തങ്കമണി. അമ്മയുടെ ജോലി കാലം ചെന്നപ്പോള്‍ മകള്‍ക്ക് കിട്ടി. അവിടെ അടുത്ത് തന്നെയുള്ള ഒരു നായര്‍ കുടുംബമാണ് ആറുകണ്ടത്തില്‍ വീട്. അവിടുത്തെ കൃഷ്ണന്‍ നായര്‍ ആണ് പിന്നീട് തങ്കമണിയെ കല്യാണം കഴിച്ചതു. ഈ കൃഷ്ണന്‍ നായര്‍ ആയിരുന്നു എന്റെ അച്ചാച്ചന്റെ കാര്യസ്ഥന്‍. വളരെ വിശ്വസ്തന്‍, അധ്വാനി. പള്ളത്തെ പറമ്പില്‍ ആയിരുന്നു അവരുടെ വീട്. മരുമക്കത്തായം ആയതു കൊണ്ട് കൃഷ്ണന്‍ നായര്‍ ഇവിടെ വന്നു താമസമാക്കി. എന്റെ അച്ചാച്ചന്‍ വൈദ്യന്‍ ആയിരുന്നു. മരുന്നെല്ലാം ഇവിടെയാണ്‌ ഉണ്ടാക്കിയിരുന്നത്. കഷായം വെപ്പിനും, അരിഷ്ടം വെപ്പിനും, മറ്റു ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാനും സഹായമായി കൃഷ്ണന്‍ നായര്‍. കൂടാതെ കാര്യസ്ഥപ്പണി. തങ്കമണി അകത്തു അമ്മൂമ്മയെ സഹായിക്കും. അവരുടെ നല്ല കാലമായിരുന്നു അത്.

അവരുടെ മൂത്ത മകനാണ് ഗോപി. പിന്നെ ആണ്‍ മക്കള്‍ വിശ്വന്‍, അംബുജന്‍ എന്നിവര്‍. രാധ, രത്നമണി എന്ന രണ്ടു പെണ്മക്കളും. ഈ രാധയെ ആദ്യം അഷ്ടമിച്ചിറ എന്ന സ്ഥലത്തേക്ക് ആണ് കല്യാണം കഴിച്ചു കൊടുത്തത്. അയാള്‍ടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. "അങ്ങാടിപ്പോട്ടന്‍" എന്നൊരു ഇരട്ടപ്പെരുണ്ടായിരുന്നു അയാള്‍ക്ക് എന്നറിയാം. പേര് പോലെത്തന്നെ ആളൊരു പിരി ലൂസ്സായിരുന്നു. പാവം രാധ ഇത് കല്യാണ സമയത്ത് അറിഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്. "പൊട്ടന്‍ കെട്ടിയാല്‍ നേരെയാകും" എന്ന നാട്ടു വിശ്വാസത്തിന്റെ പുറത്തായിരുന്നു ഈ മംഗല്യം. പക്ഷെ പൊട്ടന്‍ നന്നാവാന്‍ ഒന്നും രാധ മെനക്കെട്ടില്ല. അധികം വൈകാതെ രാധ ഇവിടേയ്ക്ക് പോന്നു. ആ വീട്ടില്‍ വരാനിരുന്ന ദുരന്തങ്ങളുടെ തുടക്കമായിരുന്നു അത്.

പിന്നീട് രാധ രണ്ടാമതൊരു കല്യാണം കഴിച്ചു. രവി എന്നായിരുന്നു അയാള്‍ടെ പേര്. രാധയുടെ അമ്മാവന്‍ ചന്ദ്രന്‍ നായര്‍ ആണ് ഈ കല്യാണാലോചന കൊണ്ടുവന്നത്. പണ്ട് ഏതോ ക്ലാസ്സിലെ മലയാളം സെകെന്റില്‍ പഠിക്കുന്ന ഒരു പാഠമുണ്ട്‌. "അളിയന്‍ വന്നത് നന്നായി", അതിലെ കല്യാണ ചെറുക്കന്റെ അതെ സ്വഭാവമായിരുന്നു ഈ രവിക്ക്. നാട് മുഴുവന്‍ കല്യാണം. ഇതും രാധ വൈകിയാണ് അറിഞ്ഞത്. അറിഞ്ഞ നിമിഷം ശപിക്കപ്പെട്ടതയിരുന്നു. പിന്നെ ഒരിക്കല്‍ കൂടി വീട്ടില്‍ പോകാനോ ബന്ധം ഒഴിയാണോ ഒന്നും രാധ നിന്നില്ല. കൊടിവളപ്പിലെ പ്ലാവില്‍ രാധ സ്വന്തം കഷ്ടതകള്‍ക്കും, അയല്‍ക്കാര്‍ ചോദിക്കുന്ന കുത്തുവാക്കുകളില്‍ നിന്നും രക്ഷ പ്രാപിച്ചു.

ഗോപിയുടെ ഭാര്യ ശ്യാമള കുറുമശ്ശേരിക്കരിയാണ്. വിശ്വനും കല്യാണം കഴിച്ചു ഭാഗം മേടിച്ചു പോയി. മൂന്നാമന്‍ അംബുജന്‍ ഒരു മലബാര്‍കാരിയെ ആണ് കല്യാണം കഴിച്ചത്. വടക്കാഞ്ചേരി അടുത്ത് ആറങ്ങോട്ടുകര സ്വദേശിയാണവര്‍. പിന്നെ ഉള്ള മകള്‍ രത്നമണിയെ വിനോദ് എന്നയാളാണ് കല്യാണം കഴിച്ചത്. ഗോപിയും വിശ്വനും ആദ്യമേ താമസം മാറി. അംബുജന്‍ ഭാര്യവീട്ടിലായിരുന്നു താമസം. പിന്നീടു എന്തോ കാരണത്താല്‍ ഇവിടേയ്ക്ക് വന്നു. അന്നേ രത്നമണിയുടെ ഭര്‍ത്താവു വിനോദിന് അത് കണ്ടൂടായിരുന്നു. കാരണം അത് അയാള്‍ക്കുള്ള വീടല്ലേ..
ഞാന്‍ +2-നു പഠിക്കുമ്പോഴാണ് കൃഷ്ണന്‍ നായര്‍ മരിക്കുന്നത്. ആ വീടിനും കുടുംബത്തിനും പിന്നീടു വന്നതൊന്നും അറിയേണ്ടി വന്നില്ല കൃഷ്ണന്‍ നായര്‍ക്ക്‌. തങ്കമണി അന്നും ഇല്ലത്തു പണിക്കു വന്നിരുന്നു. കൃഷ്ണന്‍ നായര്‍ പോയതോടെ വിനോദ് തന്റെ തനിനിറം കാണിച്ചു തുടങ്ങി. കള്ള്കുടിച്ചു വന്നു വീട്ടിലുള്ള ഭാര്യെ തല്ലുക, അംബുജനെ തെറി വിളിക്കുക തുടങ്ങി കലാപരിപാടികള്‍ തുടങ്ങി. വഴക്കിലും ഒച്ചപ്പടിലും ഒഎട്ടു ആ വീട് എന്നും ബഹളമയമാകും. എല്ലാം കണ്ടു തങ്കമണി കരയും. ഒരിക്കല്‍ വഴക്ക് മൂത്ത് കയ്യാങ്കളി ആയപ്പോള്‍ തങ്കമണി വന്നു അമ്ബുജനെയും വിനോദിനെയും തട്ടി മാറ്റി. അമബുജനോട് ഇറങ്ങിപ്പോകാനും പറഞ്ഞു. ആ വീട്ടില്‍ നില്‍ക്കേണ്ടതില്ല എന്ന് അംബുജന്‍ തീരുമാനിച്ചു. അതോടെ ആ വീട് വിനോദിന്റെ സ്വന്തമായി. കുടിയും കൂട്ട്കെട്ടും തുടങ്ങി. എതിര്‍ത്ത ഭാര്യയെ അയാള്‍ മര്‍ദിച്ചു അവശയാക്കി. രണ്ടു മക്കളായിരുന്നു അവര്‍ക്ക്. ഒരു പെണ്ണും ഒരാണും. ആകെ കുത്തഴിഞ്ഞ ആ കുടുംബം പിന്നെ കൂടുതല്‍ ദുരിതത്തിലേക്ക് പോകുകയായിരുന്നു.
പെണ്‍കുട്ടി ഇവിടെ അടുത്ത് , ഒരു മണല്‍ മഫിയക്കാരന്റെ വീട്ടില്‍ സ്ഥിരം പോക്കായി. അയാളെ പിന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചു വിട്ടു. അയാള്‍ടെ കൂട്ടാളികള്‍ മോഷണം തുടങ്ങിയപ്പോഴാണ് അത്. ഇവിടെ പുത്തെന്‍വേലിക്കരയില്‍ ആ സമയത്താണ് ഒരു ഇരട്ട കൊലപാതകം നടക്കുന്നത്. അതില്‍ ഇയാള്‍ടെ കൂട്ടുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. പോരാത്തതിനു മണല്‍ മാഫിയയും. ഇത്രയും ആയപ്പോള്‍ നാട്ടുകാര്‍ അയാളെ ഓടിച്ചു വിട്ടു. പക്ഷെ വീണ സ്ഥിരമായി ഇവിടെ പോകും. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. വീണ പിന്നെ അപല്രുടെയും വിളിപ്പുറത്ത് പോയിത്തുടങ്ങി. അവള്‍ ഗര്‍ഭിണി ആകുന്നതു വരെ. 17 അല്ലെങ്കില്‍ 19 വയസ്സേ കാണൂ. വിനോദ് അവളെ വീട്ടില്‍ നിന്നും പുറത്താക്കി. വീണ പിന്നീടു പോലീസിന്റെ women care centre- ഇല ആണെന്ന് പറഞ്ഞു കേട്ടിരുന്നു. അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയെന്നും. അച്ഛന്റെ പീഡനം മകനും സഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു നാള്‍ വിനോദിനെ തിരിച്ചു തല്ലി ആ മകന്‍ ഓടിപ്പോയി. ഇതുവരെ അവനെക്കുറിച്ച് ഒരു വിവരവുമില്ല, കിംവദന്തികള്‍ അല്ലാതെ.

ഈ സംഭവങ്ങള്‍ തങ്കമണിയെ ആകെ ഉലച്ചു. തങ്കമണി തന്നെയാണ് ഞങ്ങളുടെ വീടിന്റെ മുട്ടമാടിക്കുന്നത്. ആ ദിവസം ഞാനും അമ്മയും നോക്കുമ്പോള്‍ തങ്കമണി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നതാണ്. ചോദ്യങ്ങള്‍ക്ക് ഒരു നോട്ടമാല്ലാതെ മറുപടിയില്ല. അമ്മയുടെ കയ്യില്‍ നിന്ന് ചായ വാങ്ങിക്കുടിച്ച് തങ്കമണി പോയി. പിന്നീടു ഒരിക്കലും പണിക്കു വന്നുമില്ല. ആ മനസിന്റെ താളം തെറ്റാന്‍ തുടങ്ങിയിരുന്നു. അബോധത്തിന്റെ ഏതോ തുരുത്തിലേക്ക് തങ്കമണിയുടെ മനസ് സഞ്ചരിക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് പോയെങ്കിലും, പിറന്ന മണ്ണില്‍ തന്നെ താമസിക്കാന്‍ അംബുജന്‍ തീരുമാനിച്ചു. തങ്കമണിയുടെ വീടിന്റെ അടുത്ത് തന്നെ സ്ഥലം വാങ്ങി അംബുജന്‍ വീട് വച്ചു. വീണ്ടും രംഗം കലുഷിതമായി. വീട് വക്കാനും മറ്റും അംബുജന്‍ കുറെ പേരുടെ കയ്യില്‍ നിന്നും കാശ് കടം വാങ്ങിയിരുന്നു. കടബാധ്യത പെരുകിയപ്പോള്‍ ആത്മഹത്യയുടെ വഴിയാണ് അംബുജന്‍ തിരഞ്ഞെടുത്തത്. ഒരു രാത്രി ഗോപിയും മകനും എന്റെ വീട്ടില്‍ വന്നു ബെല്ലടിച്ചു. വിറച്ചു വിറച്ചുകൊണ്ട് ഗോപി ഒരുവിധം ഞങ്ങളോട് കാര്യം പറഞ്ഞു. "അംബുജന്‍ ദേ തൂങ്ങി നില്‍ക്കുന്നു". പള്ളത്തെ കടപ്ലാവില്‍ അയാള്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരം കണ്ടു. അംബുജന്റെ ഭാര്യയെ അവരുടെ വീട്ടുകാര്‍ അങ്ങോട്ട്‌ കൊണ്ടുപോയി. ഭാവിയുടെ ഭീതിയും പേറി മൂന്നു പെണ്മക്കളെയും കൊണ്ട് അവര്‍ ആ ദുരിതഭൂവില്‍ നിന്നും വണ്ടി കയറി.
ഇതിനിടയില്‍ വിനോദ് വീടുപേക്ഷിച്ച് ചാലക്കുടിയില്‍ താമസമാക്കി. അവിടെ അയാള്‍ ഒരു കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്നും ഒരു കാശ് മോഷണ കേസില്‍ അയാളെ പോലീസ് പിടിച്ചു. പിന്നീടു വിട്ടയക്കുകയും ചെയ്തു.
അംബുജന്റെ ആത്മഹത്യ കേസിന്റെ ബഹളം അവസാനിച്ചപ്പോള്‍ പിന്നാലെ കടക്കാരുടെ ബഹളമായി. അവര്‍ ഗോപിയോട് കാശ് ചോദിച്ചു തുടങ്ങി. ഇതിനിടയിലാണ് രത്നമണിയും വിനോദും ഗോപിക്കെതിരെ കംപ്ലൈന്റ്റ്‌ ചെയ്യുന്നത്. അവരുടെ കാണാതായ മകനെ ഗോപി ആണ് കൊന്നത്..!!! ഇത്രയും ആയപ്പോള്‍ ഗോപി തീരുമാനിച്ചു. ഓര്‍മ്മ നശിച്ച അമ്മ തങ്കമണിഎം കുടുംബത്തെയും കൂട്ടി ഇവിടെ നിന്നും പോകുക. അങ്ങനെ അവര്‍ ഗോപിയുടെ ഭാര്യവീടായ കുറുമശേരിയിലേക്ക് താമസം മാറി.

ഇത്തവണ സെന്‍സസ് എടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ പുന്നക്കല്‍ തറവാട്ടു വീട് അവര്‍ കണക്കില്‍ പെടുത്തിയില്ല. കാരണം മേല്‍ക്കുര ഉള്ള വീടുകളെ നമ്പര്‍ ഇടേണ്ട ആവശ്യമുള്ളു. ആ വീട് ആകെ പൊളിഞ്ഞു ആള്താമാസമില്ലാതെ നാശമായി കിടക്കുകയാണ്. ആ സ്ഥലം വിറ്റു പോകുമായിരിക്കാം, അല്ലെങ്കില്‍ പറമ്പിന്റെ ഭാഗമായെക്കം, അങ്ങനെത്തന്നെ കിടന്നെന്നും വരാം. ഏതായാലും അവിടെ താമസിച്ചിരുന്ന ജനങ്ങള്‍ ശേഷിപ്പുകള്‍ ഇല്ലാത്ത ഓര്‍മ്മ മാത്രം ആയി കഴിഞ്ഞിരുന്നു. ആ ഓര്‍മ്മ പോലും നശിച്ചു പിറന്ന മണ്ണും കാണിച്ച വീടും വിട്ടു തങ്കമണി പോയിക്കഴിഞ്ഞു. അവിടേക്ക് ചൂണ്ടിക്കാണിച്ചു ഇനിയുള്ള തലമുറ അവരുടെ മക്കള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കും, "പണ്ടിവിടെ കൃഷ്ണന്‍ നായര്‍ എന്നൊരാളുണ്ടായിരുന്നു. അയാളുടെ വീടും...."

No comments:

Post a Comment