Sunday, May 30, 2010

താരതമ്യം...

ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും രണ്ടും രണ്ടാണ്. അത് പോലെത്തന്നെ അവര്‍ക്കുള്ള താലന്തുകള്‍ വ്യത്യസ്തമായിരിക്കും. പിന്നെ എന്തിനാ ഈ ലോകം വെറുതെ ആളുകളെ താരതമ്യം ചെയ്യണേ? എനിക്കിപ്പോഴും പിടി കിട്ടാത്ത ഒരു കാര്യമാണ് അത് . എന്നും ഈ കലാപരിപാടിയില്‍ ചൂളുന്നത്‌ നമ്മളാണ്. അതോണ്ടാകും ഈ പരിപാടി ഇന്നും എനിക്കിഷ്ടമല്ല. അയ്യേ..

ഞാന്‍ 10th വേറെ പഠിച്ചതു മാളയിലാണ്. മാള എന്ന് പറയുമ്പോള്‍. അവിടെ നിന്നും അന്നമ്മനട റൂട്ടില്‍ വലിയപറമ്പ് എന്ന സ്ഥലത്തിനടുത്ത് സ്നേഹഗിരിയിലാണ് സ്കൂള്‍. H.C.C.E.M.H.S Snehagiri. അവിടേക്ക് പോകുന്നത് എന്റെ ക്ലാസ്സില്‍ പഠിക്കുന്ന വിര്‍ജിന്‍ എന്ന കുട്ടിയുടെ പപ്പയുടെ കാറിലാണ്. ആ കാറിന്റെ പേരും വിര്‍ജിന്‍ എന്ന് തന്നെ. ആ കാര്‍ ഒരു സംഭവമാണ്. സ്ടിയരിങ്ങിനടുത്തു ഗിയറുള്ള പഴയ അംബാസിഡാര്‍ കാര്‍. KEH 9687. ആ കാര്‍ ഓടിച്ചു ഞങ്ങളെ 8-9 വര്‍ഷത്തോളം സ്കൂളില്‍ കൊണ്ടുപോയിരുന്നത് രാധാകൃഷ്ണന്‍ എന്ന "രാധാഷേട്ടന്‍" ആണ്. ചിലര്‍ "രാഷ്നെട്ടന്‍"എന്നും വിളിക്കും. ഈ കാര്‍ പോലെതന്നെ രാധാഷേട്ടനും ഒരു സംഭവാണ്‌. ഞാന്‍ നേരത്തെ പറഞ്ഞ താരതമ്യത്തിന്റെ ഉസ്താദാണ് ഈ കക്ഷി.

ആ കാറിന്റെ കാര്യം ആദ്യം പറയാം. മുന്നില്‍ ഞങ്ങള്‍ 12 പിള്ളേരും, പുറകില്‍ 15 പിള്ളേരുമായി, ഒരു മാതിരി "വാഗണ്‍ ട്രാജെടി" പോലെയാണ് പോക്ക്. ഇത് ഡെയിലി ഇങ്ങനെയാണ് ട്ടോ. നമ്മള്‍ ഒക്കെ ഞെങ്ങി ഞെരുങ്ങി, ആണ് ഇരിപ്പ്. പ്രായം കൂടിയ ആളുകളുടെ മടിയില്‍ 2 പേര്‍ ഉണ്ടാകും. ഇരുനില കെട്ടിടം പോലെയാണ് അയാള്‍ ഇരിക്കുക. സീറ്റില്‍ അയാള്‍, മടിയില്‍ വേറെ ഒരാള്‍, അയാളുടെ മടിയില്‍ മറ്റൊരാള്‍. ഇങ്ങനെ കുത്തി നിറച്ചു സ്നേഹഗിരി വരെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ ഒരു 20-30 Km സ്പീഡില്‍ നമ്മടെ "വിര്‍ജിന്‍" അങ്ങനെ പോകും.. രാധാഷേട്ടന്റെ മടിയിലും ഉണ്ട് ട്ടോ ഒരുത്തന്‍.. അവന്റെ തല കൈകള്‍ക്കുള്ളിലാക്കി അങ്ങനെ ഓടിക്കും. അവനാണേല്‍ സ്ടിയരിങ്ങിന്റെ ഇടയില്‍ കൂടി നോക്കി അങ്ങനെ ഇരുന്നോളും. പാവം. ഇങ്ങനെ ഒരുത്തനെ ഇരുത്തി ഓടിക്കുന്നത് പുറമെന്നു നോക്കിയാല്‍ അവനെ വണ്ടി ഓടിപ്പിക്കുകയാനെന്നെ തോന്നു. ഒരു ദിവസം വണ്ടി മടത്തുംപടി എത്തിയപ്പോള്‍ ചില നാട്ടുകാര്‍ വണ്ടി തടഞ്ഞു ഇത് ചോദ്യം ചെയ്യുക തന്നെ ചെയ്തു.. പക്ഷെ അതുകൊണ്ടൊന്നും രാധാഷേട്ടന്‍ തളരില്ല.. പുള്ളി പഴയ പടി തന്നെ വണ്ടി ഉരുട്ടിക്കൊണ്ടേ ഇരുന്നു.

നമ്മള്‍ എന്നും ബഹുമുഖ പ്രതിഭയാണ്. കഥാപ്രസംഗം, കഥാ രചന, മിമിക്രി, മോണോആക്ട്, എന്ന് വേണ്ട നമ്മള്‍ പങ്കെടുക്കാത്ത പരിപാടികള്‍ ഇല്ല. യുവജനോത്സവം, ബാലജന സഖ്യം, യുറീക്ക, അങ്ങനെ എല്ലാത്തിലും നമ്മളുണ്ട്‌. സ്പോര്‍ട്സ് അങ്ങനെ പങ്കെടുക്കാറില്ല. അധ്വാനം പണ്ടേ നമുക്ക് കലി ആണല്ലോ... ഇങ്ങനെ നമ്മള്‍ നിറഞ്ഞാടുന്ന വേദികള്‍ ഏറെ ആണ്. ഒന്നൊഴിച്ച്...... പഠിത്തം..... അങ്ങനെ മോശക്കാരനോന്നുമല്ല, നമ്മള്‍ ഇപ്പോഴും എപ്പോഴും ഒരു average boy ആണ്. പ്രശ്നം അവിടെയല്ല. നമ്മടെ രാധാഷേട്ടന് വിര്‍ജിനോട് ഒരു ചായ്‌വ്ഉണ്ട്. അത് പിന്നെ സ്വാഭാവികമാണെന്ന് വിചാരിക്കാം. സ്വന്തം മുതലാളീടെ മോളല്ലേ.. കുഴപ്പമില്ല. പക്ഷെ പുള്ളിക്കാരന്‍ എന്നെയും വിര്‍ജിനെയും ആണ് compare ചെയ്യാ.. അതെനിക്കിഷ്ടമല്ല. വിര്‍ജിന്‍ നല്ല കുട്ടി ആണ്. നല്ലോണം പഠിക്കും, നേരത്തെ പറഞ്ഞ കലാപരിപാടികളില്‍ പങ്കെടുക്കും, എല്ലാം കൊണ്ടും നല്ലൊരു ഓള്‍ റൌണ്ടര്‍. പക്ഷെ അതിനു ഞാന്‍ എന്തു പിഴച്ചു??? നമ്മളെ വെറുതെ വിട്ടൂടെ?

Unit test, ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയെല്ലാം കഴിഞ്ഞു പേപ്പര്‍ കിട്ടിയാല്‍ പിന്നെ എനിക്ക് സ്വസ്ഥതയില്ല. " ഡാ അതുലെ .. നിനക്ക് കണക്കിലെത്രെയാ?" എനിക്ക് പരാമാവധി വരാവുന്ന ദേഷ്യം മുഴുവന്‍ വന്നിട്ടുണ്ടാകും. പല്ല് കടിച്ചു ഞാന്‍ പറയും "32". കേള്‍ക്കേണ്ട താമസം പുള്ളി ഹാപ്പി. "വിര്‍ജിനെത്രെയാ എന്നറിയോ? 47..!!!" ഇങ്ങനെ ഓരോന്നും ചോദിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയൊക്കെ അങ്ങേര്‍ക്കു പഥ്യമില്ല. എനിക്കാണെങ്കില്‍ ആകെ നല്ല മാര്‍ക്ക് കിട്ടുന്നത് ഇതിനോക്കെയാണ്. കണക്ക്, സോഷ്യല്‍, സയന്‍സ്, എന്നിവയൊക്കെ ചോദിക്കും. ഈ ചോദിക്കുന്നതൊക്കെ എല്ലാരും കേള്‍ക്കേം ചെയ്യും. എന്നാല്‍ ഇയാള്‍ക്ക് ഞാന്‍ സബ്ജില്ല, ജില്ല, സംസ്ഥാന തലത്തില്‍ ഒക്കെ പങ്കെടുത്ത കാര്യമൊന്നും ചോദിക്കില്ല. ഈ നശിച്ച പഠന വിഷയം മാത്രം.. അന്നൊക്കെ ഞാന്‍ ഇതോര്‍ത്ത് വല്ലാതെ വിഷമിച്ചിട്ടുണ്ട്. പക്ഷെ എന്താ ചെയ്യാ? അതോണ്ടൊന്നും പഠനം നന്നാക്കാന്‍ മെനക്കെടുന്ന പ്രശ്നമില്ല ട്ടോ. നമ്മള്‍ എന്നും average boy തന്നെ.

ഞാന്‍ നാലാം ക്ലാസ്സില്‍ ആകുമ്പോഴാണ് വിര്‍ജിന്‍ എന്റെ ക്ലാസ്സില്‍ വന്നു ചേരുന്നത്. അന്ന് മുതല്‍ മുടങ്ങാതെ രാധാഷേട്ടന്‍ ഈ പരിപാടി ആവര്തിക്കാറുണ്ട്. അന്ന് മുതല്‍ പതിവ് തെറ്റിക്കാതെ ഞാന്‍ ഇതേ പോലെത്തന്നെ ഉത്തരം പറയാറുമുണ്ട്. നീണ്ട 6 വര്ഷം ഇത് തുടര്‍ന്നു. എല്ലാ മാര്‍ക്കും ചോദിച്ചു കഴിഞ്ഞാല്‍പ്പിന്നെ രാധാഷേട്ടന്റെ ഒരു ചിരിയുണ്ട്.. ഹായ് .. കാണേണ്ടത് തന്നെയാണ്. വിജയശ്രീലാളിതനായിട്ടാണ് ചിരി. എന്നെ നോക്കി കളിയാക്കി കൊണ്ടാണ് ആ ചിരി. "എന്തിനാ ഡാ സ്കൂളില്‍ പോണേ?" ആ ഡയലോഗ് കഴിഞ്ഞാല്‍ പിന്നെ എനിക്ക് സമാധാനമാകും. ഇനി അടുത്ത പരീക്ഷക്ക്‌ കേട്ടാല്‍ മതീല്ലോ. പലപ്പോഴും ഇയാള്‍ ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് ചോദിയ്ക്കാന്‍ തോന്നീട്ടുണ്ട്. " ഇയളെന്തിനാ ഇളിക്കുന്നെ? താന്‍ ഒന്നുമല്ലല്ലോ മാര്‍ക്ക്‌ മേടിച്ചു വെട്ടിച്ചേ? എന്നിട്ട് ഒരു വളിച്ച ചിരീം... വണ്ടി ഓടിക്കുന്നയാള്‍ക്ക് അത് ചെയ്താല്‍ പോരെ? ആവശ്യമില്ലാത്തത് എന്തിനാ അന്വേഷിക്കുന്നെ?" പക്ഷെ ഒരിക്കല്‍ പോലും അത് ചോദിയ്ക്കാന്‍ എനിക്ക്ക് പറ്റിയിട്ടില്ല. ആകെ ചമ്മി നില്‍ക്കുന്ന എനിക്ക് അതൊന്നും പറയാന്‍ ഉള്ള കെല്‍പ്പില്ലായിരുന്നു. കുറ്റം പറയരുതല്ലോ ഇതെല്ലം കേട്ടാലും വിര്‍ജിന്‍ ഒന്നും പറയുകയില്ല ട്ടോ. പുള്ളിക്കാരിക്ക് എന്റെ ഒരു റേഞ്ച് അറിയാം. അത് കൊണ്ട് തന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല.

ഇതെല്ലം കഴിഞ്ഞു വീട്ടില്‍ വന്നാല്‍ തുടങ്ങുകയായി അമ്മയുടെ വക. ആകെ ഭാഗ്നാശനായി ഞാന്‍ ചിന്തിക്കാറുണ്ട്.. "ദൈവമേ ഈ ലോകത്ത് നീ എന്തിനാ ഈ താരതമ്യം എന്ന സാധനം കണ്ടു പിടിച്ചേ? എന്തുണ്ടായാലും അത് എന്റെ പുറത്താണല്ലോ..." എന്നൊക്കെ..

വിര്‍ജിന്റെ കല്യാണം ഈയിടക്കയിരുന്നു. അത് കഴിഞ്ഞു ഒരു ദിവസം ഞാന്‍ രാധാഷേട്ടനെ പുത്തെന്‍വേലിക്കര ബസാറില്‍ വച്ച് കണ്ടു. ആ പഴയ കാറും ഓടിച്ചു പുള്ളിക്കാരന്‍ വരികയായിരുന്നു. എന്നെ കണ്ടു. വണ്ടി നിര്‍ത്തി. "ഇപ്പൊ എന്താ ചെയ്യണേ?" ഞാന്‍ പറഞ്ഞു.. " MBA... തീരാറായി..." ഉടനെ പുള്ളി പറഞ്ഞു.. "വിര്‍ജിന്റെ കല്യാണം കഴിഞ്ഞു. അറിഞ്ഞില്ലേ? MBA-യും കഴിഞ്ഞു." എന്നിട്ട് പോകാന്‍ തിരക്കുണ്ടെന്നും പറഞ്ഞു വണ്ടി ഓടിച്ചു പോയി.
"ങേ..!!! കല്യാണക്കാര്യം ഇയാള്‍ compare ചെയ്താണോ പറഞ്ഞെ??? അല്ല അതിലും വിര്‍ജിന്‍ തന്നെയാണല്ലോ 1st അടിച്ചത്... !!!!"

അഡോള്‍ഫ് നാരായണന്‍ ...

അഡോള്‍ഫ് നാരായണന്‍... ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നൊക്കെ പറയും പോലെ ഒരു ഗെറ്റപ്പ് ഒക്കെ ഉണ്ടല്ലേ... അങ്ങനെ പേര് കേട്ടിട്ട് ആളൊരു പഴയ കമ്മ്യൂനിസ്ടകാരന്‍ ആണെന്നോ, എക്ഷ്പയരി ഡേറ്റ് കഴിഞ്ഞ ഏതോ നക്ഷലടെ ആണെണോ സംശയിക്കണ്ട. അതിലുമോകെ അപ്പുറം എനിക്ക് വളരെ വൈകാരികമായ് അടുപ്പം ഉള്ള കക്ഷി ആണ് ടിയാന്‍.. ആശാനാ പേരിട്ടത് ഞാനാണ്. ആളൊരു ഹാഫ് ജര്‍മന്‍ ആണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്‌. പക്ഷെ പിന്നെയാണ് മനസിലായത് ആള് നമ്മടെ സോണിയ ഗാന്ധീടെ നാട്ടുകാരന്‍ ആണെന്ന്. പക്ഷെ പേര് ഞാന്‍ മാറ്റിയില്ല. "ബെനിറ്റോ നാരായണന്‍" എന്നാക്കിയാലോ എന്ന് വിചാരിച്ചതാ.. പക്ഷെ അഡോള്‍ഫ് തന്നെയാണ് അവനു പറ്റിയ പേര്.

ഇനി സസ്പെന്‍സ് വേണ്ട ല്ലേ... നമ്മടെ കക്ഷി 1990 മോഡല്‍ LML VESPA NV ആണ്. 21 വര്‍ഷമായി ഞങ്ങളുടെ സന്തത സഹചാരി ആണ് പുള്ളി. ആളെ ചുറ്റിപ്പറ്റി കൊറേ കഥകള്‍ പറയാനുണ്ട്.

1991-ഇല്‍ ആണ് അച്ഛന്‍ അവനെ വാങ്ങുന്നത്. 150cc എഞ്ചിന്‍. നല്ല കണ്ടിഷന്‍ വണ്ടി. മേടിക്കുമ്പോള്‍ അതിനു നല്ല ചാണക പച്ച കളര്‍. KL 7 B 2570. നമ്മള്‍ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നതൊക്കെ ഈ വണ്ടിയിലാണ്.
പിന്നീടു ഇതിന്റെ കളര്‍ ഗ്രേ സില്‍വര്‍ ആക്കി.

എനിക്കൊരിക്കലും ഫ്രീ ആയി ഓടിക്കാന്‍ അച്ഛന്‍ ഇവനെ തന്നിരുന്നില്ല. അച്ഛന്റെ സ്വകാര്യ അഹങ്കാരമായാണ് അച്ഛന്‍ Mr. അഡോള്‍ഫിനെ കൊണ്ട് നടന്നിരുന്നത്. ഞാന്‍ +2 കഴിഞ്ഞു നില്‍ക്കുമ്പോഴാണ് അവനെ എന്റെ കയ്യില്‍ കിട്ടുന്നത്. പിന്നെ ഇടക്ക് ബസാറില്‍ പോകാനും, അച്ഛന് സിഗെരെട്ടു മേടിക്കാനും ഒക്കെ ഞാന്‍ വണ്ടി എടുത്തു തുടങ്ങി. അന്നൊക്കെ അവന്‍ എന്റെ ഒരു ഹരമായിരുന്നു. കയ്യില്‍ കിട്ടിയതല്ലേ ഉള്ളു.. ആ സമയത്ത് M80 കിട്ടിയാല്‍ പോലും Ducathi ഓടിക്കുന്ന ഗമയാ..!! അപ്പൊ പിന്നെ അഡോള്‍ഫ് നാരായണന്‍ കിട്ടിയാലോ? "ഹാ സ്ടയിലന്‍ വണ്ടിയെ.." എന്നൊരു ഗമയോടെ ആണ് ഞാന്‍ അവനെ ഓടിച്ചിരുന്നത്.

അന്ന് ലൈസെന്‍സ് ഇല്ല.. 17 വയസ്സേ ആയുള്ളൂ. ഒരു കൊല്ലം കൂടി കഴിയണം. അച്ഛന് വണ്ടി തരാന്‍ പണ്ടേ മടി ആണെന്ന് പറഞ്ഞല്ലോ.. ഈ കാരണം പറഞ്ഞു പലപ്പോഴും അച്ഛന്‍ വണ്ടി തടഞ്ഞു വയ്ക്കാറുണ്ട്. എന്നാലും നമ്മള്‍ എടുക്കും ട്ടോ.. അങ്ങനെ ഡിഗ്രി 1st ഇയര്‍ ആയി. 18 വയസ്സ് തികഞ്ഞു. പക്ഷെ ലൈസന്‍സ് എടുക്കാന്‍ പഴയ ചൂടില്ല. ആദ്യമൊക്കെ വണ്ടി. കൊണ്ടുപോകുന്നത്ഒരുഹരമായിരുന്നു ആദ്യമൊക്കെ ഹരമായിരുന്നു ലൈസന്‍സ് പിടുത്തം ഒരു ദിനചര്യ ആക്കിയിരുന്നു. അന്നൊക്കെ പേടിച്ചു പേടിച്ചാണ് നമ്മള്‍ വണ്ടീം കൊണ്ട് ആദ്യമൊക്കെ ഇറങ്ങിയിരുന്നത്. ഞാന്‍ പറഞ്ഞില്ലേ വണ്ടി കൊണ്ടോവാന്‍ ഒക്കെ. നല്ല നമ്മള്‍ ടെ വന്ദീമ്മേ എന്നൊക്കെ. പറഞ്ഞിടാന് ലൈസന്‍സ് കളിയ്ക്കാന്‍ പോകുന്ന എവിടെ നേരം?? അങ്ങനെ പതിനെട്ടാം വയസില്‍ തന്നെ ലൈസന്‍സ് എടുത്തില്ല. പക്ഷെ അധിക കാലം ആ ഓഫര്‍ ഉണ്ടായിരുന്നില്ല. പോലീസ് മണല്‍ മാഫിയക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങി. അങ്ങനെ കുറെ വഞ്ചികള്‍ അവര്‍ മുക്കി. പോലീസ്-നെ പേടിച്ചിട്ടോ അവര്‍ക്കുള്ള മാസപ്പടി കൃത്യമായി എത്തുന്നത്‌ കൊണ്ടോ എന്താന്നറിയില്ല ആ തരംഗം അവസാനിച്ചു. അതോടെ എന്റെ കഷ്ടകാലം തുടങ്ങി. പിന്നേം പോലീസ് ലൈസന്‍സ് പിടി തുടങ്ങി. :( പക്ഷെ അധികം വൈകാതെ ഞാന്‍ ലൈസന്‍സ് എടുത്തു ട്ടോ.

ആദ്യമൊക്കെ വണ്ടി കൊണ്ട് പോകുന്നത് ഒരു ഹരമായിരുന്നു.. നമ്മള്‍ ഓടിച്ചു തുടങ്ങുന്നതല്ലേ ഉള്ളു?? ഞാന്‍ സ്ഥിരമായി കളിയ്ക്കാന്‍ പോകുന്ന ഒരു പാടമുണ്ട്‌, കാവിലെ അമ്പലത്തിന്റെ അടുത്ത്. അവിടുത്തെ പിള്ളേര്‍ വണ്ടീം കൊണ്ട് വരുമ്പോള്‍ കളിയാക്കാന്‍ തുടങ്ങി. "നീ ഒരു 2000 രൂപ താ, വണ്ടി പാട്ടക്കരക്ക് ഞങ്ങള്‍ മറിച്ചു വിറ്റു തരാം" എന്നൊക്കെ... പിന്നെപ്പിന്നെ എനിക്ക് വേണ്ടി എടുക്കാന്‍ മടി ആയി. പക്ഷെ എന്ത് ചെയ്യാം.. അച്ഛന്‍ വേറെ വണ്ടി മേടിക്കേം ഇല്ല ഇതൊട്ടു കൊടുക്കേം ഇല്ല. അന്നൊക്കെ ഞാന്‍ കൊറേ പ്രാകീട്ടുണ്ട്.. ഈ നശിച്ച വണ്ടി ഒന്ന് നിന്ന് പോണേന്ന്.. പ്രാക്ക് എറ്റോ എന്നറിയില്ല.. എന്തായാലും ഒരു ദിവസം അത് സംഭവിച്ചു. നന്നാക്കാന്‍ വേണ്ടി സ്ഥിരം പോകാറുള്ള പറവൂരിലെ ലിജോ ചേട്ടന്റെ Automate - ഇലേക്ക് കൊണ്ടോയി. വണ്ടി കണ്ട പാടെ പുള്ളി പണി തുടങ്ങി... കാലങ്ങളായി കാണുന്ന വണ്ടി അല്ലെ.. പുള്ളിക്കറിയാം എന്താ കംപ്ലൈന്റെന്നു... പോകാന്‍ നേരം പുള്ളി എന്നോട് പറഞ്ഞു.. " അച്ഛനോട് ഞാന്‍ എല്ലാ തവണേം പറയാറുണ്ട്. ഇത്തവണ മോനായത്‌ കൊണ്ട് പറയാ.. ദൈവം ചോദിച്ചാലും ഈ വണ്ടി കൊടുക്കരുത്.. അത്രേം condition വണ്ടി ആണ്." LML ന്ന് വച്ചാല്‍ LML തന്നെ. പിന്നെ ഞാന്‍ ഒരിക്കലും അവനെ കൊണ്ടോവാന്‍ മടി കാണിച്ചിട്ടില്ല..


പിന്നീട് കൊറേ പേര്‍ ഈ വണ്ടി എന്നോട് ചോദിച്ചിട്ടുണ്ട്.. അച്ഛനോടും ചോദിച്ചിട്ടുണ്ട്.. പക്ഷെ ഒരിക്കലും കൊടുക്കാന്‍ സമ്മതിച്ചിട്ടില്ല.. ഇന്നവന്‍ ഒരു വിഷമവും ഇല്ലാതെ 30 -34 മൈലേജു പാട്ടും പാടി തരുന്നുണ്ട്. ഓടിക്കാന്‍ ഇപ്പോഴും സ്മൂത്ത്‌ ആണ്. ഞാന്‍ മികപ്പോഴും കോളേജില്‍ പോകുന്നതും ഈ വണ്ടിയില്‍ തന്നെ.. കോളേജില്‍ ഇവന്‍ ഒരു ഹീറോ തന്നെയായി. "അതുല്‍ ഇന്ന് നമ്മടെ മടവനാണോ വന്നെ?" എന്നൊക്കെ ചോദിക്കുന്നവര്‍ ധാരാളം. ഒരൊറ്റ വിഷമമേ ഉള്ളു. ഞാന്‍ വരുന്നത് ഈ വണ്ടിയിലാവുമ്പോള്‍ പിള്ളേര്‍ മറ്റേ പാട്ട് തുടങ്ങും. "ഹമാര ബജാജ് ഹമാര ബജാജ്".. എന്ന്. പാടുന്നതിലല്ല വിഷമം. LML Vespa എന്ന് ആരും പറയുന്നില്ലല്ലോ എന്നാണ് വിഷമം. ആ ചിലവില്‍ ബജാജിന് ഒരു പരസ്യോം... അതെനിക്കിഷ്ടാവില്ല. ബാക്കി എല്ലാവര്ക്കും എന്നെപ്പോലെ തന്നെ പരിചയമുള്ള ഒരു കഥാപാത്രമാണ് നമ്മുടെ അടോള്‍ഫിനെ.. പത്തിരുപതോന്നു വര്‍ഷമായിട്ടും ഇന്ന് വരെ കാര്യമായ കുഴപ്പമൊന്നും അവന്‍ കാണിച്ചിട്ടില്ല.. കുടുംബത്തിലെ ഒരു അംഗം തനീയാനവന്‍.. Automate ഉള്ളിടത്തോളം അവനെ സര്‍വീസ് ചെയ്യിക്കും. പിന്നെയും കൂടെ തന്നെ നിര്‍ത്തും.. ഇതാ അച്ഛന്റെ തീരുമാനം.

ജീവനുള്ള എന്റെ സഹൃദയരുടെ കൂട്ടത്തില്‍ ആത്മബന്ധത്തിന്റെ ചങ്ങലയാല്‍ ബന്ധപ്പെട്ട ഇവനും എന്റെ സഹൃദയന്‍ ആണ്. യൂറോപ്പ്യന്‍ പാരമ്പര്യവും ആട്യത്വവും ഒട്ടും കളയാതെ അവന്‍ അങ്ങനെ ഞങ്ങള്‍ക്കിടയില്‍ തലയുയാര്‍ത്തി നില്‍ക്കുന്നു.. അഡോള്‍ഫ് നാരായണനായി.

അറ്റ വേരുകള്‍ ..

ഓര്‍മ്മ നശിക്കുക എന്ന അവസ്ഥ എന്തോ എനിക്ക് പണ്ടേ പേടി ആണ്. ഈശ്വരാ ഇതെല്ലം ഓര്‍മ്മ ഇല്ലാതായാല്‍ പിന്നെ എങ്ങനെയാ ജീവിക്കാ എന്നൊക്കെ ഞാന്‍ വെറുതെ ചിന്തിച്ചു പേടിക്കാറുണ്ട്. എന്നാ പിന്നെ വെറുതെ എന്തിനാ ചിന്തിക്കുന്നെ എന്ന് ചോദിച്ചാല്‍ എനിക്കൊട്ടു ഉത്തരമില്ലതാനും. പക്ഷെ തങ്കമണിയുടെ ജീവിതം ഓര്‍മ്മ ഇല്ലാത്തതിനെ സുഖമാനുഭാവിക്കുകയാനെന്നും എനിക്ക് തോന്നാറുണ്ട്. ആ കഥ വളരെ ദയനീയവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. വിധിയുടെ ക്രൂര വിനോദങ്ങള്‍ മാന്തിപ്പരിച്ച ജീവിതവും കുടുംബവും ആണ് തങ്കമണിയുടെ . .

എന്റെ അച്ഛനൊക്കെ ഓര്‍മ്മ വച്ചപ്പോള്‍ ഇവിടെ കാവൂട്ടിയമ്മ എന്നൊരു സ്ത്രീ ആണ് പുറം പണിക്കു നിന്നിരുന്നത്. പുന്നക്കല്‍ എന്നാണു അവരുടെ തറവാട്ടു പേര്. പുന്നക്കല്‍ കാവൂട്ടിയംമയുടെ മകളാണ് തങ്കമണി. അമ്മയുടെ ജോലി കാലം ചെന്നപ്പോള്‍ മകള്‍ക്ക് കിട്ടി. അവിടെ അടുത്ത് തന്നെയുള്ള ഒരു നായര്‍ കുടുംബമാണ് ആറുകണ്ടത്തില്‍ വീട്. അവിടുത്തെ കൃഷ്ണന്‍ നായര്‍ ആണ് പിന്നീട് തങ്കമണിയെ കല്യാണം കഴിച്ചതു. ഈ കൃഷ്ണന്‍ നായര്‍ ആയിരുന്നു എന്റെ അച്ചാച്ചന്റെ കാര്യസ്ഥന്‍. വളരെ വിശ്വസ്തന്‍, അധ്വാനി. പള്ളത്തെ പറമ്പില്‍ ആയിരുന്നു അവരുടെ വീട്. മരുമക്കത്തായം ആയതു കൊണ്ട് കൃഷ്ണന്‍ നായര്‍ ഇവിടെ വന്നു താമസമാക്കി. എന്റെ അച്ചാച്ചന്‍ വൈദ്യന്‍ ആയിരുന്നു. മരുന്നെല്ലാം ഇവിടെയാണ്‌ ഉണ്ടാക്കിയിരുന്നത്. കഷായം വെപ്പിനും, അരിഷ്ടം വെപ്പിനും, മറ്റു ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാനും സഹായമായി കൃഷ്ണന്‍ നായര്‍. കൂടാതെ കാര്യസ്ഥപ്പണി. തങ്കമണി അകത്തു അമ്മൂമ്മയെ സഹായിക്കും. അവരുടെ നല്ല കാലമായിരുന്നു അത്.

അവരുടെ മൂത്ത മകനാണ് ഗോപി. പിന്നെ ആണ്‍ മക്കള്‍ വിശ്വന്‍, അംബുജന്‍ എന്നിവര്‍. രാധ, രത്നമണി എന്ന രണ്ടു പെണ്മക്കളും. ഈ രാധയെ ആദ്യം അഷ്ടമിച്ചിറ എന്ന സ്ഥലത്തേക്ക് ആണ് കല്യാണം കഴിച്ചു കൊടുത്തത്. അയാള്‍ടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. "അങ്ങാടിപ്പോട്ടന്‍" എന്നൊരു ഇരട്ടപ്പെരുണ്ടായിരുന്നു അയാള്‍ക്ക് എന്നറിയാം. പേര് പോലെത്തന്നെ ആളൊരു പിരി ലൂസ്സായിരുന്നു. പാവം രാധ ഇത് കല്യാണ സമയത്ത് അറിഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്. "പൊട്ടന്‍ കെട്ടിയാല്‍ നേരെയാകും" എന്ന നാട്ടു വിശ്വാസത്തിന്റെ പുറത്തായിരുന്നു ഈ മംഗല്യം. പക്ഷെ പൊട്ടന്‍ നന്നാവാന്‍ ഒന്നും രാധ മെനക്കെട്ടില്ല. അധികം വൈകാതെ രാധ ഇവിടേയ്ക്ക് പോന്നു. ആ വീട്ടില്‍ വരാനിരുന്ന ദുരന്തങ്ങളുടെ തുടക്കമായിരുന്നു അത്.

പിന്നീട് രാധ രണ്ടാമതൊരു കല്യാണം കഴിച്ചു. രവി എന്നായിരുന്നു അയാള്‍ടെ പേര്. രാധയുടെ അമ്മാവന്‍ ചന്ദ്രന്‍ നായര്‍ ആണ് ഈ കല്യാണാലോചന കൊണ്ടുവന്നത്. പണ്ട് ഏതോ ക്ലാസ്സിലെ മലയാളം സെകെന്റില്‍ പഠിക്കുന്ന ഒരു പാഠമുണ്ട്‌. "അളിയന്‍ വന്നത് നന്നായി", അതിലെ കല്യാണ ചെറുക്കന്റെ അതെ സ്വഭാവമായിരുന്നു ഈ രവിക്ക്. നാട് മുഴുവന്‍ കല്യാണം. ഇതും രാധ വൈകിയാണ് അറിഞ്ഞത്. അറിഞ്ഞ നിമിഷം ശപിക്കപ്പെട്ടതയിരുന്നു. പിന്നെ ഒരിക്കല്‍ കൂടി വീട്ടില്‍ പോകാനോ ബന്ധം ഒഴിയാണോ ഒന്നും രാധ നിന്നില്ല. കൊടിവളപ്പിലെ പ്ലാവില്‍ രാധ സ്വന്തം കഷ്ടതകള്‍ക്കും, അയല്‍ക്കാര്‍ ചോദിക്കുന്ന കുത്തുവാക്കുകളില്‍ നിന്നും രക്ഷ പ്രാപിച്ചു.

ഗോപിയുടെ ഭാര്യ ശ്യാമള കുറുമശ്ശേരിക്കരിയാണ്. വിശ്വനും കല്യാണം കഴിച്ചു ഭാഗം മേടിച്ചു പോയി. മൂന്നാമന്‍ അംബുജന്‍ ഒരു മലബാര്‍കാരിയെ ആണ് കല്യാണം കഴിച്ചത്. വടക്കാഞ്ചേരി അടുത്ത് ആറങ്ങോട്ടുകര സ്വദേശിയാണവര്‍. പിന്നെ ഉള്ള മകള്‍ രത്നമണിയെ വിനോദ് എന്നയാളാണ് കല്യാണം കഴിച്ചത്. ഗോപിയും വിശ്വനും ആദ്യമേ താമസം മാറി. അംബുജന്‍ ഭാര്യവീട്ടിലായിരുന്നു താമസം. പിന്നീടു എന്തോ കാരണത്താല്‍ ഇവിടേയ്ക്ക് വന്നു. അന്നേ രത്നമണിയുടെ ഭര്‍ത്താവു വിനോദിന് അത് കണ്ടൂടായിരുന്നു. കാരണം അത് അയാള്‍ക്കുള്ള വീടല്ലേ..
ഞാന്‍ +2-നു പഠിക്കുമ്പോഴാണ് കൃഷ്ണന്‍ നായര്‍ മരിക്കുന്നത്. ആ വീടിനും കുടുംബത്തിനും പിന്നീടു വന്നതൊന്നും അറിയേണ്ടി വന്നില്ല കൃഷ്ണന്‍ നായര്‍ക്ക്‌. തങ്കമണി അന്നും ഇല്ലത്തു പണിക്കു വന്നിരുന്നു. കൃഷ്ണന്‍ നായര്‍ പോയതോടെ വിനോദ് തന്റെ തനിനിറം കാണിച്ചു തുടങ്ങി. കള്ള്കുടിച്ചു വന്നു വീട്ടിലുള്ള ഭാര്യെ തല്ലുക, അംബുജനെ തെറി വിളിക്കുക തുടങ്ങി കലാപരിപാടികള്‍ തുടങ്ങി. വഴക്കിലും ഒച്ചപ്പടിലും ഒഎട്ടു ആ വീട് എന്നും ബഹളമയമാകും. എല്ലാം കണ്ടു തങ്കമണി കരയും. ഒരിക്കല്‍ വഴക്ക് മൂത്ത് കയ്യാങ്കളി ആയപ്പോള്‍ തങ്കമണി വന്നു അമ്ബുജനെയും വിനോദിനെയും തട്ടി മാറ്റി. അമബുജനോട് ഇറങ്ങിപ്പോകാനും പറഞ്ഞു. ആ വീട്ടില്‍ നില്‍ക്കേണ്ടതില്ല എന്ന് അംബുജന്‍ തീരുമാനിച്ചു. അതോടെ ആ വീട് വിനോദിന്റെ സ്വന്തമായി. കുടിയും കൂട്ട്കെട്ടും തുടങ്ങി. എതിര്‍ത്ത ഭാര്യയെ അയാള്‍ മര്‍ദിച്ചു അവശയാക്കി. രണ്ടു മക്കളായിരുന്നു അവര്‍ക്ക്. ഒരു പെണ്ണും ഒരാണും. ആകെ കുത്തഴിഞ്ഞ ആ കുടുംബം പിന്നെ കൂടുതല്‍ ദുരിതത്തിലേക്ക് പോകുകയായിരുന്നു.
പെണ്‍കുട്ടി ഇവിടെ അടുത്ത് , ഒരു മണല്‍ മഫിയക്കാരന്റെ വീട്ടില്‍ സ്ഥിരം പോക്കായി. അയാളെ പിന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചു വിട്ടു. അയാള്‍ടെ കൂട്ടാളികള്‍ മോഷണം തുടങ്ങിയപ്പോഴാണ് അത്. ഇവിടെ പുത്തെന്‍വേലിക്കരയില്‍ ആ സമയത്താണ് ഒരു ഇരട്ട കൊലപാതകം നടക്കുന്നത്. അതില്‍ ഇയാള്‍ടെ കൂട്ടുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. പോരാത്തതിനു മണല്‍ മാഫിയയും. ഇത്രയും ആയപ്പോള്‍ നാട്ടുകാര്‍ അയാളെ ഓടിച്ചു വിട്ടു. പക്ഷെ വീണ സ്ഥിരമായി ഇവിടെ പോകും. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. വീണ പിന്നെ അപല്രുടെയും വിളിപ്പുറത്ത് പോയിത്തുടങ്ങി. അവള്‍ ഗര്‍ഭിണി ആകുന്നതു വരെ. 17 അല്ലെങ്കില്‍ 19 വയസ്സേ കാണൂ. വിനോദ് അവളെ വീട്ടില്‍ നിന്നും പുറത്താക്കി. വീണ പിന്നീടു പോലീസിന്റെ women care centre- ഇല ആണെന്ന് പറഞ്ഞു കേട്ടിരുന്നു. അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയെന്നും. അച്ഛന്റെ പീഡനം മകനും സഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു നാള്‍ വിനോദിനെ തിരിച്ചു തല്ലി ആ മകന്‍ ഓടിപ്പോയി. ഇതുവരെ അവനെക്കുറിച്ച് ഒരു വിവരവുമില്ല, കിംവദന്തികള്‍ അല്ലാതെ.

ഈ സംഭവങ്ങള്‍ തങ്കമണിയെ ആകെ ഉലച്ചു. തങ്കമണി തന്നെയാണ് ഞങ്ങളുടെ വീടിന്റെ മുട്ടമാടിക്കുന്നത്. ആ ദിവസം ഞാനും അമ്മയും നോക്കുമ്പോള്‍ തങ്കമണി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നതാണ്. ചോദ്യങ്ങള്‍ക്ക് ഒരു നോട്ടമാല്ലാതെ മറുപടിയില്ല. അമ്മയുടെ കയ്യില്‍ നിന്ന് ചായ വാങ്ങിക്കുടിച്ച് തങ്കമണി പോയി. പിന്നീടു ഒരിക്കലും പണിക്കു വന്നുമില്ല. ആ മനസിന്റെ താളം തെറ്റാന്‍ തുടങ്ങിയിരുന്നു. അബോധത്തിന്റെ ഏതോ തുരുത്തിലേക്ക് തങ്കമണിയുടെ മനസ് സഞ്ചരിക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് പോയെങ്കിലും, പിറന്ന മണ്ണില്‍ തന്നെ താമസിക്കാന്‍ അംബുജന്‍ തീരുമാനിച്ചു. തങ്കമണിയുടെ വീടിന്റെ അടുത്ത് തന്നെ സ്ഥലം വാങ്ങി അംബുജന്‍ വീട് വച്ചു. വീണ്ടും രംഗം കലുഷിതമായി. വീട് വക്കാനും മറ്റും അംബുജന്‍ കുറെ പേരുടെ കയ്യില്‍ നിന്നും കാശ് കടം വാങ്ങിയിരുന്നു. കടബാധ്യത പെരുകിയപ്പോള്‍ ആത്മഹത്യയുടെ വഴിയാണ് അംബുജന്‍ തിരഞ്ഞെടുത്തത്. ഒരു രാത്രി ഗോപിയും മകനും എന്റെ വീട്ടില്‍ വന്നു ബെല്ലടിച്ചു. വിറച്ചു വിറച്ചുകൊണ്ട് ഗോപി ഒരുവിധം ഞങ്ങളോട് കാര്യം പറഞ്ഞു. "അംബുജന്‍ ദേ തൂങ്ങി നില്‍ക്കുന്നു". പള്ളത്തെ കടപ്ലാവില്‍ അയാള്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരം കണ്ടു. അംബുജന്റെ ഭാര്യയെ അവരുടെ വീട്ടുകാര്‍ അങ്ങോട്ട്‌ കൊണ്ടുപോയി. ഭാവിയുടെ ഭീതിയും പേറി മൂന്നു പെണ്മക്കളെയും കൊണ്ട് അവര്‍ ആ ദുരിതഭൂവില്‍ നിന്നും വണ്ടി കയറി.
ഇതിനിടയില്‍ വിനോദ് വീടുപേക്ഷിച്ച് ചാലക്കുടിയില്‍ താമസമാക്കി. അവിടെ അയാള്‍ ഒരു കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്നും ഒരു കാശ് മോഷണ കേസില്‍ അയാളെ പോലീസ് പിടിച്ചു. പിന്നീടു വിട്ടയക്കുകയും ചെയ്തു.
അംബുജന്റെ ആത്മഹത്യ കേസിന്റെ ബഹളം അവസാനിച്ചപ്പോള്‍ പിന്നാലെ കടക്കാരുടെ ബഹളമായി. അവര്‍ ഗോപിയോട് കാശ് ചോദിച്ചു തുടങ്ങി. ഇതിനിടയിലാണ് രത്നമണിയും വിനോദും ഗോപിക്കെതിരെ കംപ്ലൈന്റ്റ്‌ ചെയ്യുന്നത്. അവരുടെ കാണാതായ മകനെ ഗോപി ആണ് കൊന്നത്..!!! ഇത്രയും ആയപ്പോള്‍ ഗോപി തീരുമാനിച്ചു. ഓര്‍മ്മ നശിച്ച അമ്മ തങ്കമണിഎം കുടുംബത്തെയും കൂട്ടി ഇവിടെ നിന്നും പോകുക. അങ്ങനെ അവര്‍ ഗോപിയുടെ ഭാര്യവീടായ കുറുമശേരിയിലേക്ക് താമസം മാറി.

ഇത്തവണ സെന്‍സസ് എടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ പുന്നക്കല്‍ തറവാട്ടു വീട് അവര്‍ കണക്കില്‍ പെടുത്തിയില്ല. കാരണം മേല്‍ക്കുര ഉള്ള വീടുകളെ നമ്പര്‍ ഇടേണ്ട ആവശ്യമുള്ളു. ആ വീട് ആകെ പൊളിഞ്ഞു ആള്താമാസമില്ലാതെ നാശമായി കിടക്കുകയാണ്. ആ സ്ഥലം വിറ്റു പോകുമായിരിക്കാം, അല്ലെങ്കില്‍ പറമ്പിന്റെ ഭാഗമായെക്കം, അങ്ങനെത്തന്നെ കിടന്നെന്നും വരാം. ഏതായാലും അവിടെ താമസിച്ചിരുന്ന ജനങ്ങള്‍ ശേഷിപ്പുകള്‍ ഇല്ലാത്ത ഓര്‍മ്മ മാത്രം ആയി കഴിഞ്ഞിരുന്നു. ആ ഓര്‍മ്മ പോലും നശിച്ചു പിറന്ന മണ്ണും കാണിച്ച വീടും വിട്ടു തങ്കമണി പോയിക്കഴിഞ്ഞു. അവിടേക്ക് ചൂണ്ടിക്കാണിച്ചു ഇനിയുള്ള തലമുറ അവരുടെ മക്കള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കും, "പണ്ടിവിടെ കൃഷ്ണന്‍ നായര്‍ എന്നൊരാളുണ്ടായിരുന്നു. അയാളുടെ വീടും...."

Thursday, May 27, 2010

ശബ്ദഘോഷങ്ങളില്ലാതെ...

എന്റെ സ്വദേശം പുത്തന്‍വേലിക്കര എന്നൊരു ഗ്രാമമാണ്. അവിടെ നിന്നും കഷ്ടി എട്ടു കിലോമീറ്റര്‍ പോയാല്‍ മതി എന്റെ കോളേജിലേക്ക്. തെക്കെതാഴം എന്ന ആ സ്ഥലത്തെ SNGIST-ഇല്‍ ആണ് ഞാന്‍ MBA-ക്ക് പഠിക്കുന്നത്. പക്ഷെ പറഞ്ഞിട്ടെന്താകാര്യം.. നമുക്ക് കോളേജില്‍ പോണേല്‍ ഒരൊറ്റ ബസേ ആ സമയതുള്ളൂ .. "ചക്കാലക്കല്‍" എന്നാണ് ആ ശകടത്തിന്റെ പേര്.. ആ യാത്ര ഒരു വന്‍ സംഭവം തന്നെയാണ്. കാലത്തെ 8-9 മണി നല്ലൊരു സമയമാണ്, ബസ്സുകാര്‍ക്ക്. കാരണം ഓഫീസില്‍ പോകുന്നവനും, വാര്‍ക്ക പണിക്കു പോകുന്നവനും, കച്ചവടക്കാരും, സ്കൂള്‍-കോളേജ് പിള്ളേരും, എന്ന് വേണ്ട ആബാലവൃധം ജനങ്ങളും ആ ബസ്സില്‍ ഉണ്ടാകും. ബസ്സ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന പൊയന്റില്‍ നിന്നും അധികം ദൂരെ അല്ലാത്തതിനാല്‍ എനിക്ക് രാവിലെ സീറ്റ്‌ കിട്ടും. പഠിക്കുന്നത് വല്യ MBA ഒക്കെ ആണേലും ബസ്സില്‍ കേറിയാല്‍ ഞാന്‍ ആ അഹങ്ഗാരം കാണിക്കാറില്ല ട്ടോ.. എല്ലാ പിള്ളേരേം പോലെ ഞാനും ഒരു ST ticket വിദ്യാര്‍ഥി ആണ്. അത് കൊണ്ട് തന്നെ ഞാന്‍ ബാക്കിലെ സീറ്റിലെ ഇരിക്കാറുള്ളൂ. ഈ ബസ്സ്‌ എളന്തിക്കര എന്ന സ്ഥലത്ത് എത്തുമ്പോഴേക്കും ഫുള്‍ ആകും. പിന്നെ തിക്കും തിരക്കും ആണ്. എന്നും ഈ തിക്കിന്റെ ഇടയിലേക്ക് പടിഞ്ഞാറെപ്പള്ളി സ്റ്റോപ്പില്‍ നിന്നും നൂണ്ടു കയറുന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനാണ് അജിത്‌.. ആദ്യമായി അജിത്തിനെ കാണുന്നതും ഇതേ സീനില്‍ ആണ്.

അജിത്‌ ഇടിച്ച് കയറുമ്പോഴേക്കും ബസ്സ്‌ ആകെ ബഹളമയം ആയിക്കഴിഞ്ഞിരിക്കും. ഒരു വിധം ജനങ്ങളും സ്ഥിരം ടിക്കെടുകാര്‍ ആയിരിക്കും. കുശലാന്വേഷണം, വഴക്ക്, രാഷ്ട്രീയം, കൂലിതര്‍ക്കം എന്ന് വേണ്ട സൂര്യന് താഴെ എല്ലാം ചര്‍ച്ച ചെയ്യുന്നു.. ഇതൊന്നും പോരാഞ്ഞു ചില കുരുത്തം കേട്ട പിള്ളേര്‍ കേറും. അവറ്റകളുടെ കലപില വേറേം. ഈ കക്ഷി അവിടെ നടക്കുന്ന എല്ലാം ശ്രേധിക്കും. എന്നിട്ട് ഇളിച്ചോണ്ട്‌ കേട്ടിരിക്കും. രണ്ടു പേര്‍ തല്ല് പിടിക്കുകയാണേല്‍ പോലും ആശാന്‍ ഒരു കോളിലോസ് പുഞ്ചിരീം കൊണ്ട് നോക്കി ഇരിപ്പുണ്ടാകും. അതോണ്ട് തന്നെ ആ കുരിപ്പിനെ എനിക്കിഷ്ടമല്ല.. ഇതൊക്കെ പോട്ടെ.. "ചക്കാലക്കല്‍" ഒരു മിനി ബസ്സ്‌ ആണ്.. ആ ലാസ്റ്റ് സീറ്റില്‍ ഇരിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഏഴാണ്. എന്നിട്ടും കേറീം ഇറങ്ങീം ഒക്കെ അഡ്ജസ്റ്റ് ചെയ്തു എട്ടു പേര്‍ ഇരിക്കുന്നുണ്ടാകും. ആയിരൂര്‍ന്നു കേറിയാല്‍ അപ്പൊ നമ്മടെ ചേട്ടന്‍ ലാസ്റ്റ് സീടിലേക്ക് ഒരു നോട്ടാണ്.. പിന്നെ ആ ട്രേഡ് മാര്‍ക്ക്‌ ഇളീം. കുതിതിരുകി ഒറ്റ കയറ്റാന്. അതോടെ ലാസ്റ്റ് സീറ്റില്‍ പിന്നെ ഉറുമ്പിനു പോലും സ്ഥലമില്ലതാകും. കഷ്ടി ചന്തി തൊടാനുള്ള സ്തലേ കാണൂ.. എന്നാലും അത് കിട്ടിയാല്‍ അപ്പൊ പാസ്സാക്കും അവന്റെ മറ്റേ ചിരി. ശ്ശെടാ ഇതെന്തു പണ്ടാരമാണെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അവിടിരുന്നിട്ടു പിന്നെ ലോക നിരീക്ഷണമാണ്. പനിക്കരേം, പിള്ളേരേം എന്ന് വേണ്ട എല്ലാരും പറയുന്നത് എത്തി നോക്കി ഇളിച്ചോണ്ട്‌ ഇരിക്കും. ദിവസം ചെല്ലുംതോറും എനിക്കവനെ കൂടുതല്‍ കൂടുതല്‍ കലിയായി വരികയാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം മാഞ്ഞാലി എത്തിയപ്പോള്‍ നമ്മുടെ നായകന്‍ എന്റെ അരികില്‍ ഇരുന്നു.. കക്ഷി നേരത്തെ പതിവ് പോലെ തിരുകി കയറിയത.. പിന്നെ ആളിരങ്ങിപ്പോയപ്പോള്‍ നിരങ്ങി നിരങ്ങി അറ്റത്തിരിക്കുന്ന എന്റെ അടുതെത്തി.. എന്റെ മനസ്സില്‍ പല പ്ലാനുകളും വന്നു.. "എന്താ ചേട്ടാ രാവിലെ ഇന്നസെന്റിന്റെ പടം വല്ലതും കണ്ടോ ഇങ്ങനെ ചിരിക്കാന്‍..???" എന്ന് ചോദിക്കണം, atleast "എന്തുവാടോ എപ്പൊഴും ഒരു വളിച്ച ചിരി" എന്നെങ്കിലും ഞാന്‍ ചോദിക്കും എന്നൊക്കെ മനസ്സില്‍ കണ്ടു.. രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞാല്‍ തെക്കെതാഴമായി. അപ്പൊ എന്തേലും ചോദിക്കണേല്‍ ഇപ്പൊ വേണം. ഞാന്‍ രണ്ടും കല്‍പ്പിച്ചു പുള്ളീടെ മുഖത്തേക്ക് നോക്കി. വിചാരിച്ച പോലെ avan ചിരിക്കുന്നു. "എന്തിയേ???" തികഞ്ഞ അവജ്ഞയോടെ ഞാന്‍ ചോദിച്ചു. മറുപടി ഇല്ല. ഞാന്‍ നോക്കി. അവന്‍ ആംഗ്യം കാണിച്ചു.. സംസാരിക്കാന്‍ പറ്റില്ല, ചെവിയും കേള്‍ക്കില്ല..!!!!! സ്ടബ്ധനായി ഇരിര്‍ക്കുന്ന എന്നെ നോക്കി കണ്ടക്ടര്‍ പറഞ്ഞു.. "അല്ല എന്താ ഇവിടെ ഇറങ്ങുന്നില്ലേ??" തെക്കെതാഴം എത്തിയിരുന്നു..

സ്റ്റോപ്പില്‍ നിന്നും ക്ലാസ്സിലേക്ക് നടക്കുമ്പോഴും ആ ഞെട്ടല്‍ മാറിയിരുന്നില്ല.. ദൈവമേ ഞാന്‍ ഈ മിണ്ടാപ്രാണിയെ ആയിരുന്നോ ഈ കണ്ട തെറിയെല്ലാം വിളിച്ചേ.. ശേ.. കഷ്ടമായിപ്പോയി.. മുന്നും പിന്നും നോക്കാതെ ഓരോന്ന് വിചാരിച്ചു വയ്ക്ക്യം.. എന്നിട്ട് വിഷമിക്കേം ചെയ്യും.. ദൈവമേ സോറി.. അറിയാതെ പറ്റിപ്പോയതാ. ഞാന്‍ ഇനി അവനെ സംശയിക്കില്ല.. എന്നൊക്കെ ഞാന്‍ തന്നെ വിചാരിച്ചു തുടങ്ങി..

പിന്നെ ഞാന്‍ കക്ഷിയെ കണ്ടത് രണ്ടു മാസം കഴിഞ്ഞാണ്. എന്റെ യൂനിവേര്സിടി പരീക്ഷകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ പിന്നെ ബസ്സില്‍ പോയത് രണ്ടു മാസം കഴിഞ്ഞാണ്. കൃത്യമായി അയിരൂരില്‍ നിന്നും കേറി. ഇത്തവണ ഞാന്‍ നീങ്ങി ഇരുന്നു കൊടുത്തു. എന്റെ അടുത്ത് തന്നെ ഇരുന്നു. പതിവ് ചിരി. പക്ഷെ ഇതവന്‍ ആ ചിരിയെ ഞാന്‍ ഹാര്ടവത്തോടെ സ്വാഗതം ചെയ്തു. ഞാന്‍ ചോദിച്ചു "എന്താ പേര്"? ചില ശബ്ദങ്ങള്‍ അവനില്‍ നിന്നും വരും. പക്ഷെ ചെവ് കേള്‍ക്കാത്ത കാരണം ഉച്ചാരണം കറക്റ്റ് ആക്കാന്‍ അവനു ഒരിക്കലും പറ്റില്ല.. എങ്കിലും ഞാന്‍ അത് മനസിലാക്കി. "അജിത്‌" അവന്‍ പറഞ്ഞു. പിന്നെ നടന്നത് നീണ്ട ഒരു സംസാരമാണ്. മനസിലാവതവ കൈകളില്‍ എഴുതിയും, ആംഗ്യം കാണിച്ചും ഞങ്ങള്‍ ആശയവിനിമയം നടത്തി. പറവൂരിലെ ഒരു സ്വകാര്യ സിവില്‍ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ സിവില്‍ പ്ലാന്‍സ് വരയ്ക്കുന്ന ജോലി ആണ് അജിത്തിന്. മാന്യമായി തൊഴില് ചെയ്തു കുടുംബം പുലര്‍ത്തുന്നു. എനിക്ക് അജിത്തിന്റെ നേട്ടത്തില്‍ തെല്ലൊരു അഭിമാനം തോന്നി.

അന്ന് ഞാന്‍ ബസ്സ്‌ ഇറങ്ങിയത്‌ തികഞ്ഞ സന്തോഷത്തോടെ ആണ്. മനസിലെ കുറ്റബോധം എല്ലാം ഒഴിഞ്ഞു കഴിഞ്ഞിരുന്നു.. കൂടാതെ തെറ്റിധാരനകളും. ആളുകള്‍ സംസാരിക്കുന്നതു നോക്കി നിക്കുന്നത് അവരുടെ lip movements കാണനായിരുന്നത്രേ.. അങ്ങനെ കണ്ടാല്‍ അജിത്തിന് മനസിലാക്കാന്‍ പറ്റും അവരെന്താ സംസാരിക്കുന്നെ ന്നു. അങ്ങനെ കണ്ടു പിടിച്ചു കഴിഞ്ഞാല്‍ ആ സന്തോഷം കൊണ്ടാണ് ആ പാവം ചിരിക്കുന്നെ.. കഷ്ടം ഞാന്‍ ശെരിക്കും അജിത്നെ തെറ്റിദ്ധരിച്ചു.

ശബ്ദഘോഷങ്ങള്‍ വിസ്മയം തീര്‍ക്കുന്ന ഈ ലോകത്ത് അജിത്തിനെ പോലെ നിശബ്ദമായി വിധിയോടു പോരാടുന്ന എല്ലാവര്ക്കും ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.

Wednesday, May 26, 2010

അമ്മാഞ്ഞ

അമ്മ എന്നും നമ്മുടെ ഓര്‍മകളില്‍ ഒരു കുളിര്‍ തെന്നലാണ്.. അമ്മയുടെ വാത്സല്യം കിട്ടുക ഒരു കുഞ്ഞിന്റെ അവകാശവും.. എന്നാല്‍ അകത്തളങ്ങളില്‍ ആയിരം ആളുകളെ ഊട്ടുന്ന തിരക്കില്‍ സ്വന്തം മക്കളെ നോക്കാന്‍ സമയമില്ലാതെ ഇരിക്കണംമാമാരെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.. പഴയ തറവാടുകളില്‍ ഇത്തരം ഇരിക്കണംമാമാര്‍ ധാരാളം ഉണ്ടായിരുന്നു താനും.. അത്തരത്തില്‍ ഒരു മൂന്നു തലമുറയെ കണ്ടും ശുശ്രുഷിച്ചും എന്നും അമ്മയായി ജീവിച്ച എന്നാല്‍ ഒരിക്കലും അമ്മയായിട്ടില്ലാത്ത "അമ്മ"യാണ് അമ്മാഞ്ഞ..

ലക്ഷ്മി എന്നാണു അമ്മഞ്ഞയുടെ പേര്.. ആ പേര് അറിയുന്നവരും വിളിക്കുന്നവരും ചുരുക്കം. അവിടെ എല്ലാവര്ക്കും അവര്‍ അമ്മാഞ്ഞയാണ്. എന്റെ അമ്മയുടെ അച്ഛന്റെ തലമുറ മുതല്‍ അവര്‍ അവിടെ ഉണ്ട്. കുട്ടികളെ നോക്കാന്‍.. അകത്തളങ്ങളിലെ അന്തര്‍ജനങ്ങള്‍ മിക്കവാറും ഇരുളിന്റെ മറയിലായിരിക്കും.. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരാന്‍ ഒരു നവോദ്ധാനം വേണ്ടി വന്നു.. അതിനു മുന്‍പ് ഇല്ലത്തെ കുട്ടികളെ നോക്കുക ഈ അമ്മാഞ്ഞമാരാന്. വളരെയധികം സ്വഭാവ സവിഷേതയുള്ള അമ്മാഞ്ഞയുടെ കഥ എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മയാണ്.
എന്റെ അമ്മ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മാഞ്ഞക്ക് നല്ല പ്രായമുണ്ട്. എന്നിരുന്നാലും അവിടെ അമ്മയടങ്ങുന്ന എല്ലാ കുട്ടികളുടെയും കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മാഞ്ഞയാണ്. ഇന്നത്തെ അണുകുടുംബം പോലെ അല്ല.. ഒരു തറവാട്ടില്‍ ഏഴും എട്ടും കുട്ടികള്‍ കാണും. അമ്മാഞ്ഞ വളരെ വാത്സല്യത്തോടെ അവരുടെ എല്ലാ കാര്യങ്ങളും നോക്കുമായിരുന്നു.. പല രസകരമായ സംഭവങ്ങളും അന്ന് അരങ്ങേറി.. നീന്തല്‍ അറിയാത്ത അമ്മാഞ്ഞയുടെ കണ്ണ് വെട്ടിച്ചു കുട്ടിപ്പട്ടാളം പുഴയില്‍ ചാടും.. പിന്നെ അമ്മാഞ്ഞയുടെ മാരത്തോണ്‍ ചീത്ത വിളി ആണ്.. സ്നേഹം കൂടിപ്പോയിട്ടാണ് ആ ചീത്തവിളി എന്ന് മാത്രം.. എങ്ങാന്‍ കുട്ടികള്‍ മുങ്ങിപ്പോയാലോ എന്നാണ് അമ്മാഞ്ഞയുടെ പേടി.. നീന്തല്‍ അറിയാമെങ്ങില്‍ അതൊരു പ്രശ്നമല്ല എന്ന് മനസിലാക്കാന്‍ പാവം അമ്മാഞ്ഞക്ക് കഴിയില്ല.. " അയ്യയോ വേണ്ട കുട്ട്യോളെ.. കരക്ക്‌ കേറിപ്പോരിന്‍.. ദാ പോയിക്കഴിഞ്ഞാല്‍ പിന്നെ അമ്മാഞ്ഞക്കകില്ല ട്ടോ".. എന്നൊക്കെ ഉറക്കെ വിളിച്ചു കരക്ക്‌ കേറ്റും.
മറ്റു പണിക്കര്‍ക്ക് ഇല്ലാത്ത ചില പ്രിവിലജുകള്‍ അമ്മാഞ്ഞക്ക് ഉണ്ടായിരുന്നു.. എല്ലാ ദിവസവും രാത്രി ഒരു നാഴി അരി അമ്മാഞ്ഞയുടെ അവകാശമാണ്. അങ്ങനെ കിട്ടുന്ന അരി ആകെ ഉള്ള ബന്ധുവായ ചേട്ടന്‍ അപ്പു നായര്‍ക്ക് കൊടുക്കും. ഈ അപ്പു നായര്‍ ഇല്ലത്തെ കൃഷി കാര്യസ്ഥനായിരുന്നു... മാത്രമല്ല.. അമ്മാഞ്ഞ അകത്തളത്തില്‍ ആണ് കിടക്കുക.. കിടക്ക ഉപയോഗിക്കില്ല.. എന്നാല്‍ പായയില്‍ കുറെ തുണി മടക്കി മടക്കി, ഏതാണ്ട് ഒരു കിടക്കയുടെ പരുവമാക്കിയിട്ടാണ് ഉപയോഗിക്കുക. രാവിലെ എഴുന്നെട്ടാല്‍ അത് മടക്കി വയ്ക്കുക എന്നത് തന്നെ ഒരു ചടങ്ങാണ്. വൃത്തിയില്‍ മടക്കി എടുത്തു വച്ചതിനു ശേഷമാണ് തന്ടെ ജീവന കര്മാതിലേക്ക് അമ്മാഞ്ഞ കടക്കുക. ഈ പ്രിവിലജുകള്‍ ഒന്നും മറ്റു പണിക്കാര്‍ക്ക് ഉണ്ടായിരുന്നില്ല.. അതുകൊണ്ട് തന്നെ.. മറ്റു പണിക്കര് പെണ്ണുങ്ങള്‍ക്ക്‌ അമ്മാഞ്ഞയോടു നല്ല അസൂയയുമുണ്ട്.. എന്നാല്‍ അമ്മാഞ്ഞകതൊരു മേടെല്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്..

അമ്മയുടെ തലമുറയ്ക്ക് മുന്പുള്ളതും, ശേഷമുള്ളത്, എന്നെയും എടുത്തു വളര്‍ത്താന്‍ അമ്മാഞ്ഞക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ മാതൃ വാത്സല്യം സ്വന്തം കുഞ്ഞിനു കൊടുക്കാന്‍ അമ്മാഞ്ഞക്ക് ഭാഗ്യമില്ലായിരുന്നു. മരണം vare അവിവാഹിതയായി ഇല്ലത്തെ ഇരിക്കനംമയായി അമ്മാഞ്ഞ കഴിഞ്ഞു. മൂന്നു തലമുറക്ക്‌ നല്‍കിയ സ്നേഹം ഒരിക്കലെങ്ങിലും സ്വന്തം കുഞ്ഞിനു കൊടുതിരുന്നെങ്ങില്‍ എന്ന് അമ്മാഞ്ഞ വിച്ചരിചിട്ടുണ്ടാകുമോ?? അറിയില്ല.. ഇനി അറിയാനും പറ്റില്ല..

എനിക്ക് രണ്ടു വയസുള്ളപ്പോഴാണ് അമ്മാഞ്ഞ മരിക്കുന്നത്.. അന്ന് ഞങ്ങള്‍ ബാംഗ്ലൂര്‍ ആണ്. ഒന്ന് വന്നു കാണാന്‍ പോലും അമ്മക്ക് കഴിഞ്ഞില്ല. താന്‍ വളര്‍ത്തിയ, സ്നേഹം കൊടുത്ത, ഒരു ജന്മം മുഴുവന്‍ അര്‍പ്പിച്ച ഇല്ലത്തു തന്നെയായിരുന്നു അമ്മാഞ്ഞയുടെ മരണം. മരണം വരെ അവര്‍ ഇല്ലത്തെ ഒരു ഭാഗം തന്നെയായിരുന്നു.. ഒരു അകന്ന ബന്ധു മാത്രമാണ് അവസാന മരണ സമയത്ത് വന്നത്. ചേട്ടന്‍ അപ്പു നായര്‍ അപ്പോഴേക്കും TB മൂലം കിടപ്പിലായിരുന്നു.

ഓര്‍മ്മയുടെ വിസ്മ്രിതിയിലെന്ഗോ മറന്ന അമ്മാഞ്ഞയുടെ രൂപം ഇതാ ഇവിടെ പുനര്‍ജനിക്കുകയാണ്.. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയും, ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അമ്മാഞ്ഞയുടെത് പോലെ കറ കളഞ്ഞ, മായം തീരെയില്ലാത്ത സ്നേഹം കിട്ടുക വിഷമം. ഓര്‍മയില്ലാത്ത കാലതാനെങ്ങിലും ആ കൈകളില്‍ ഞാനും കിടന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അവര്‍ണനീയമായ ഒരു അനുഭൂതി മനസ്സില്‍ നിറയുന്നു.. മാതൃത്വം സ്വയം നിഷേധിചെന്ഗിലും മൂന്നു തലമുറയുടെ പുത്രാ വാത്സല്യം ഏറ്റു വാങ്ങാന്‍ ആ അമ്മക്കായി.. സമാനതകളില്ലാത്ത സ്നേഹത്തിന്ടെ ഒറ്റവാക്യമായി അമ്മാഞ്ഞ ഇന്നും ഇല്ലത്തെ അകത്തളത്തില്‍ ഓര്‍മ്മയായി ജീവിക്കുന്നു..

സഹൃദയര്‍ .... ഒരു ആമുഖം

ജീവിതത്തില്‍ നമ്മള്‍ പല വഴികളിലൂടെയും കടന്നു പോകും... ആരെന്നോ ഏതെന്നോ അറിയാത്ത അന്തമായ ഈ പ്രയാണത്തില്‍ നമ്മള്‍ പലരെയും കാണും, അറിയും, ചിലരെയെങ്ങിലും ഇഷ്ടപ്പെടും, ശത്രുക്കള്‍ എന്ന് പറയാനും ചിലര്‍ ഉണ്ടാകും.. എന്നാല്‍ ഓര്‍മയുടെ കയത്തില്‍ എന്നും നീല നിറത്തിലെ മുത്ത്‌ ചിപ്പികള്‍ പോലെ ഇപ്പോഴും കാണുന്ന ചിലരെങ്കിലും ഉണ്ടാകും. അവരെ ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.. എന്റെ സഹൃദയര്‍..

ഈ സഹൃദയരില്‍ നിങ്ങള്‍ അറിയുന്നവര്‍ ഉണ്ടാകാം.. നിങ്ങള്‍ കണ്ടു മറന്നതോ കണ്ടു കൊണ്ടിരിക്കുന്നവരോ ആയ ജനങ്ങള്‍ ഉണ്ടാകാം... പക്ഷെ ഞാന്‍ ഇവിടെ പറയുന്നവര്‍ എന്റെ ജീവിതത്തില്‍ ഞാന്‍ അറിയാതെ കടന്നു വന്നു, എന്റെ ഹൃദയത്തെ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ ആണ്.. ജീവിച്ചിരിക്കുന്നവരും ഉണ്ട്.. ഓര്‍മ്മയുടെ മണല്‍ തീരത്തിലൂടെ മുന്നോട്ടു നടക്കുന്ന നമ്മള്‍.. ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന ചില കാല്‍പ്പാടുകള്‍ ഉണ്ട്.. വാഴ്വിന്റെ തിരകള്‍ വന്നു വീശിയടിച്ചിട്ടും അനുഭവങ്ങളുടെ കാതല്‍ കാരണം മായാതെ നില്ക്കുന്നവ... അവരാണ് എന്റെ സഹൃദയര്‍...