Sunday, November 7, 2010

ലില്ലിപ്പുട്ട്സ്

ഒരിക്കല്‍ക്കൂടി നിങ്ങളെ "ചക്കാലക്കല്‍" ബസ്സിലേക്ക് ഞാന്‍ കൊണ്ടുപോകുകയാണ്. എന്റെ ബസ് യാത്രാ പര്‍വ്വത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങളാണ് ഇത്. ഈ കഥയില്‍ നായകന്‍ അല്ല, മറിച്ചു നായകന്മാര്‍ ആണ്. ഈ ഭൂമി മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും കുരുത്തംകെട്ട പിള്ളേരാണ് അവര്‍. ഇവിടുത്തെ ലോക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ "കുരിപ്പുകള്‍". കാര്യം തലേമ്മേ തല തെറിച്ച പിള്ളേര്‍ ആണെങ്കിലും, നമ്മള്‍ ആ സംഭവം എല്ലാം എന്ജോയ്‌ ചെയ്തിരുന്നു ട്ടോ.

കുത്തിയതോട് പടിഞ്ഞാറേ പള്ളി, വേളാങ്കണ്ണിക്കപ്പേള, കുത്തിയതോട് കിഴക്കെപ്പള്ളി, പിന്നെ അതിന്ടെ അടുത്ത സ്റ്റോപ്പില്‍ നിന്നുമാണ് ഈ പിള്ളേര്‍ കയറുന്നെ. പറവൂരിലെ ഒരു പ്രശസ്ത കോണ്‍വെന്റ് സ്കൂളിലാണ് പിള്ളേര്‍ പഠിക്കണേ. ഞാന്‍ MBA-ക്ക് ജോയിന്‍ ചെയ്ത ഉടനെ ഒന്നും ഞങ്ങള്‍ക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. യൂണിഫോം കിട്ടിയപ്പോഴും ടൈ ഉണ്ടായിരുന്നില്ല. പിന്നീടാണ് എനിക്ക് ടൈ കിട്ടിയത്. അതായതു ക്ലാസ്സ്‌ തുടങ്ങി ഒരു 2-3 മാസം കഴിഞ്ഞിട്ട്. ആ സമയത്തൊക്കെ ഞാന്‍ വെറും ഷര്‍ട്ടും പാന്റ്സും ഇട്ടിട്ടാണ് ക്ലാസ്സില്‍ പോയിരുന്നെ. അങ്ങനെ ഇരിക്കുമ്പോള്‍ ടൈ വന്നു. ടൈ-യുടെ കൂടെ നിര്‍ബന്ധമായും ടൈ ധരിക്കണം ന്നു നിയമോം വന്നു. ആ ദിവസം, ആ നശിച്ച ദിവസം, ഞാന്‍ ടൈ ഒക്കെ കെട്ടി, നല്ല സ്ടയിലായി ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്നു. ബസ്സ്‌ വന്നു. കേറി. ഗണപതിക്ക്‌ വച്ചത് തന്നെ നല്ല കലക്കന്‍ വെപ്പാ. കണ്ടക്ടര്‍ രമേശന്‍ ചേട്ടന്‍ പൈസകായി കൈ നീട്ടി. ST 2 രൂപ. "വേഷോം പത്രാസോക്കെ കൊള്ളാം, പൈസ മാത്രം പിച്ച ല്ലേ." ഒന്ന് ചൂളി. പക്ഷെ കാര്യമായിട്ടെടുതില്ല. പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചേ, എല്ലാരും എന്നെ നോക്കുന്നു, ഒരു മാതിരി ചിരീം ചിരിക്കുന്നു. എന്റെ ടൈ ആണ് എല്ലാരുടെം ശ്രദ്ധ ആകര്ഷിക്കുന്നെ ന്നു എനിക്ക് മനസിലായി. "ദൈവമേ.. വേണ്ടായിരുന്നു. ഇപ്പൊ ഇനി ഊരിയാലും പ്രശ്നമാണല്ലോ, കെണിയായി.. ന്നൊക്കെ ഞാന്‍ ചിന്തിക്കുകയായിരുന്നു. വണ്ടി അപ്പോള്‍ പടിഞ്ഞാറേ പള്ളി എത്തി. പിള്ളേര്‍ ഒരു സെറ്റ് കേറി. അപ്പൊ എന്റെ ടെന്‍ഷന്‍ കൂടി. ഇവന്മാര്‍ എല്ലാരും കേറിയാല്‍ പണിയാണ്. എന്താ ഇപ്പൊ ചെയ്യാ.. വിചാരിച്ച പോലെ ആ അപകടം സംഭവിച്ചു. കിഴക്കെപ്പള്ളി കഴിഞ്ഞുട്ടുള്ള സ്റ്റോപ്പില്‍ നിന്നും അവസാന സെറ്റും കൂടി കേറി. അതിലാണ് ഏറ്റവും മെനകെട്ട ഒരു പയ്യന്‍ ഉള്ളെ. അവന്‍ വന്നപാടെ എന്നെ ഉഴിഞ്ഞൊന്നു നോക്കി. പിള്ളേരെല്ലാം എന്നെത്തന്നെ നോക്കി നില്‍പ്പാണ്. ഇവന്‍ അവന്റെ ബാഗ്‌ ഒരു സൈഡാക്കി അവന്റെ ഒടുക്കത്തെ DTS സൌണ്ടില്‍.. " ആഹ നല്ല ചോക്കന്ന ടൈ.. ഇന്നെന്താണ് ചേട്ടന്റെ മനസംമതോണാ???" ശ്ശൊ.. എന്റെ പൊന്നെ.. ചൂളിപ്പോയി. ബസ്സ്‌ ഒന്നടങ്ങാം കൂട്ടച്ചിരി. ഞാന്‍ പതുക്കെ ടൈ അഴിച്ചു. അപ്പൊ അവന്‍ വീണ്ടും.. "അല്ല ഞാന്‍ പറഞ്ഞോണ്ട് ഇനി അഴിക്കാന്‍ പോണ്ട ട്ടാ.. കൊള്ളാം കെടന്നോട്ടെ, നമ്മള്‍ കാരണം ജീവിതം പോണ്ട." എങ്ങനേലും തെക്കേത്താഴം എത്തിയാ മതി ന്നായി എനിക്ക്. ഇറങ്ങാന്‍ നേരവും അവന്‍ വിട്ടില്ല.. "ഇന്നോ വിളിക്കാനില്ല. കല്യനതിനെങ്ങിലും ഞങ്ങളെ വിളിക്കണം കെട്ടാ.." പിന്നെ ഒരിക്കലും ഞാന്‍ ടൈ കെട്ടി ബസ്സില്‍ കേറീട്ടില്ല.

നല്ല കലക്കന്‍ വെള്ളി അടിക്കാനും ഇവര്‍ മിടുക്കന്മാര ട്ടോ. അതില്‍ ഒരു പയ്യന്റെ പേര് "ജോണ്‍ പോള്‍" എന്നാണ്. അവനെ അവര്‍ "മാര്‍പ്പാപ്പ" എന്നാണ് വിളിക്കുന്നെ. ഒരു ദിവസം അവന്‍ നല്ല കിടിലന്‍ വെള്ളി ഒരെണ്ണം അടിച്ചു.
മാര്‍പ്പാപ്പ : "ഡാ നാളെ ക്ലാസ്സില്ല്ല ല്ലേ."
സുഹൃത്ത്‌ : "ആ ശെരിയാണ് നാളെ ശ്രീ കൃഷ്ണ ജയന്തി ആണല്ലോ ല്ലേ.."
മാര്‍പ്പാപ്പ : " പിന്നെ കോപ്പാണ്. പോയി കലെന്ടെര്‍ നോക്കെടാ മരമാക്രീ. ശ്രീ കൃഷ്ണ ജയന്തി ഒന്നുമല്ല. നാളെ "അഷ്ടമിരോഹിണി" ആണ്. "!!!

ഇതൊക്കെ പിന്നേം സഹിക്കാം. ഹൃദയം നിന്ന് പോയ ഒരു സന്ദര്ഭമുണ്ടായിരുന്നു. അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. എനിക്ക് അന്ന് ഉച്ച വരേ ക്ലാസ്സ്‌ ഉണ്ടായുള്ളൂ. സാധാരണ ഞാന്‍ 6.10- നുള്ള ചക്കലക്കലിലാണ് പോകാറ്. അന്ന് നേരത്തെ കഴിഞ്ഞതിനാല്‍ ഞാന്‍ 3.50- നുള്ള ട്രിപ്പില്‍ കേറി. നമ്മടെ പിള്ളേരും അതിലുണ്ടായിരുന്നു. ആ ട്രിപ്പില്‍ ആള് കുറവായതിനാല്‍ എനിക്ക് സീറ്റ്‌ കിട്ടി. കുരിപ്പുകള്‍ എന്റെ മുന്നിലെ സീറ്റില്‍ ഇരിപ്പുണ്ട്. ഒരു സീറ്റില്‍ത്തന്നെ 4 പേര്‍. കോരിച്ചൊരിയുന്ന മഴ.
കു 1 : " എടാ നാളെ സോഷ്യല്‍ ടെസ്റ്റ്‌ പേപ്പര്‍ അല്ലെ.. ഇന്നനെങ്ങി മാത്സ്‌ ഹോം വര്‍ക്കും ഉണ്ട്. നാളെ നീ പഠിച്ചോണ്ട് വരോ?"
കു 2 : " ശേന്റെ പള്ളി. എങ്ങനെ പഠിക്കാന്‍? കൊറേ ഉണ്ട്. മാത്സും കൊറേ ചെയ്യാന്‍ ഉണ്ട്."
കു 3 : " എന്നാലെ മിസ്സിന്റെ അടി കൊണ്ടോ. മേരി മിസ്സ്‌ ആണ്. പണ്ടാര അടിയാ. കൈ പൊളിയും."
കു 4 : "ഡാ കുഴപ്പമില്ല മിക്കവാറും നാളെ ക്ലാസ്സ്‌ എന്ടാവൂല്ല"
കു 2 : " എന്താണ്? നാളെ സമരോണാ?"
കു 4 : " ഏയ് സമരോല്ല. ഇങ്ങനെ മഴ പെയ്താല്‍ ആ തമിഴ് നാട്ടില്‍ ഉള്ള ഒരു ഡാം എന്‍ട്. അത് പൊട്ടും. പിന്നെ ക്ലാസ്സ്‌ എന്ടവില്ല എന്നാണ് ഇംഗ്ലീഷ് മിസ്സ്‌ പറഞ്ഞേ. ദൈവമേ നല്ലോണം മഴ പെയ്താല്‍ മതിയാര്‍ന്നു."!!!
ഒരു നിമിഷം. ബസില്‍ നിശബ്ദത. എല്ലാരും അവനെ നോക്കി. ഞാനും. പിന്നെ ഞങ്ങള്‍ എല്ലാവരും ചിരിച്ചു. എന്റെ അടുത്തിരുന്ന ചേട്ടന്‍ പറഞ്ഞു. "ഭാവിയുടെ വാഗ്ദാനങ്ങളാണ്. മോശം വരൂല്ല." :)

No comments:

Post a Comment